18-April-2023 -
By. news desk
കൊച്ചി: വനം, വന്യജീവി വിഷയങ്ങളില്‍ ജനകീയനിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കുട്ടമ്പുഴയില്‍ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സര്‍ക്കാരിന്റെ നയമല്ല. കാടിനെ സംരക്ഷിക്കുക നാടിനെ കേള്‍ക്കുക എന്നതാണ് വന സൗഹൃദ സദസുകള്‍ വഴി ലക്ഷ്യമിടുന്നത്. ഏപ്രില്‍ രണ്ടിന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ തുടക്കം കുറിച്ച ഈ ഉദ്യമം കുട്ടമ്പുഴയില്‍ എത്തി നില്‍ക്കുകയാണ്. ഏറെ വിജയകരമായാണ് ഓരോ വന സൗഹൃദ സദസുകളും നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ഈ പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കി മുന്‍പോട്ട് പോവുകയാണ് ലക്ഷ്യം. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒന്‍പത് ചതുരശ്ര കിലോ മീറ്റര്‍ ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാഴ്ച്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. തങ്ങള്‍ക്ക് മുന്നിലെത്തുന്നസങ്കീര്‍ണമല്ലാത്ത വിഷയങ്ങളില്‍ രണ്ടാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. പരാതികളും നിവേദനങ്ങളുമുള്ളവര്‍ 'പരിവേഷ് പോര്‍ട്ടല്‍' വഴി പരിഹാരം തേടാന്‍ ശ്രമിക്കണം.
വന്യജീവികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ വിഷയത്തില്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും ജനോപകാരപ്രദമായി സാധ്യമാകുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. വന മേഖലയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിയ്ക്കുന്നത് സംബന്ധിച്ച് ന്യായമായ തീരുമാനം കൈക്കൊള്ളും. കാടിന്റെ സ്വാഭാവികതയെ മാറ്റിമറിയ്ക്കുന്ന വൃക്ഷങ്ങള്‍ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി പകരം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) തേടുന്നവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി ജില്ലയില്‍ 20 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങളെ കേള്‍ക്കുക എന്ന നയമാണ് സര്‍ക്കാരിനുള്ളതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ജനങ്ങള്‍ക്ക് ഭരണത്തില്‍ ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ് ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നത്. നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ വനം, വന്യജീവി വിഷയങ്ങളില്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വന, വനാതിര്‍ത്തികളോട് ചേര്‍ന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുക, വനം വകുപ്പ് കൈക്കൊള്ളുന്നതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു കര്‍മ്മപരിപരിപാടി നടപ്പിലാക്കുന്നത്.
ക്രിയാത്മക സംവാദത്തിന് വേദിയായി വന സൗഹൃദ ചര്‍ച്ച
ക്രിയാത്മക സംവാദത്തിന് വേദിയാവുകയായിരുന്നുവനസൗഹൃദ സദസ്സിന് മുന്നോടിയായി ക്രമീകരിച്ച വന സൗഹൃദ ചര്‍ച്ച. വനം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, നിയോജക മണ്ഡലങ്ങളിലെ വന പ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു. പ്രധാനമായും വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് മൂലമുള്ള പ്രശ്‌നങ്ങളാണ് ജനപ്രതിനിധികള്‍ ഉന്നയിച്ചത്. എന്തുകൊണ്ട് വന്യജീവികള്‍ വനത്തിന് പുറത്തേക്ക് വരുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടികള്‍ വേണം. ട്രെഞ്ചിങ് , ഫെന്‍സിങ് സംവിധാനങ്ങള്‍ കൂടുതല്‍ സജ്ജമാക്കണം. പുഴയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍ നീക്കണം. പട്ടയങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളിലും പരിഹാരം വേണം, ആലുവ മൂന്നാര്‍ രാജ പാത തുറക്കുന്നതില്‍ അനുകൂല തീരുമാനം വേണം. വന്യജീവികള്‍ മൂലമുണ്ടാകുന്ന
കൃഷിനാശത്തിന് വേണ്ടത്ര നഷ്ടപരിഹാരം നല്‍കണം. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വന സൗഹൃദ സദസില്‍ ലഭിച്ചത് 90 അപേക്ഷകള്‍
കുട്ടമ്പുഴയിലെ വന സൗഹൃദ സദസില്‍ ആകെ 90 അപേക്ഷകളാണ് ലഭിച്ചത്. ചടങ്ങില്‍ വന്യജീവികളുടെ ആക്രമണം മൂലം പരിക്ക്/ നാശനഷ്ടം സംഭവിച്ച 16 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. റീ ബില്‍ഡ് കേരള ഡെവലപ്‌മെന്റ് പ്രോജക്ട് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം 5 പേര്‍ക്ക് ആദ്യ ഗഡുവും കൈമാറി. മനുഷ്യവന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള വനമേഖലയിലെ സെറ്റില്‍മെന്റുകളിലെ ജനങ്ങളെ വനമേഖലയ്ക്ക് പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 17 നിരാക്ഷേപ പത്രങ്ങളും വിതരണം ചെയ്തു.
ദേശീയ വനം കായിക മേളയിലെ മെഡല്‍ ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.